'പല്ലൻ ഷൈജു... ഇങ്ങു പോര്, ഇങ്ങു പോര്'- വെല്ലുവിളിക്ക് മറുപടി; ജയിലിൽ അടയ്ക്കുന്ന വീഡിയോ പങ്കിട്ട് പൊലീസിന്റെ 'ട്രോൾ' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 10:34 AM  |  

Last Updated: 08th February 2022 10:34 AM  |   A+A-   |  

shaiju

വീഡിയോ ​ദൃ‌ശ്യം

 

കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച പല്ലൻ ഷൈജു എന്ന ​ഗുണ്ടയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ കോട്ടക്കൽ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പൊക്കിയത്. 

ഇതിന് പിന്നാലെ വെല്ലുവിളി നടത്തിയ നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു (പല്ലൻ ഷൈജു-43) വിനെ പിടികൂടുന്ന വീഡിയോ പങ്കുവെച്ച് തിരിച്ചടിക്കുകയാണ് ഇപ്പോൾ പൊലീസ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സിനിമാ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ട്രോൾ വീഡിയോ കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

'ഞാൻ കടലിലാണ്, കരയിലല്ലേ നിൽക്കാൻ പറ്റാതെയുള്ളൂ' എന്ന് പല്ലൻ ഷൈജു പറയുന്ന വീഡിയോക്ക് പിന്നാലെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് സെല്ലിൽ അടയ്ക്കുന്ന വീഡിയോ പൊലീസ് പങ്കിട്ടത്. നിരവധി കേസുകളിൽ പ്രതിയാണ് ഷൈജു.

തൃശുർ കൊടകര സ്വദേശിയായ പല്ലൻ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നായിരുന്നു വ്യവസ്ഥ. ജില്ലയിൽ പ്രവേശിച്ചു എന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാം. ഇതിന് പിന്നാലെ 'താൻ കടലിലാണ് ഉള്ളത്. അതിർത്തികളിൽ താൻ ഉണ്ട്' എന്നുപറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

തൃശൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ടാ സംഘ നേതാവായ ഷൈജു പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. ഇയാൾ തൃശൂരിൽ നിന്ന് പന്തല്ലൂരിലേക്ക് വർഷങ്ങൾക്കു മുൻപ് താമസം മാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ജില്ലയിൽ തന്നെ നിരവധി വീടുകളിൽ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലൻ ഷൈജു.