ചെടിക്കടയിലെ യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയെന്ന് കരുതുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 09:03 AM  |  

Last Updated: 08th February 2022 09:03 AM  |   A+A-   |  

women_murder_in_peroorkada

വീഡിയോ ദൃശ്യം


തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഞായറാഴ്ച 11 മണിയോടെ ചെടിക്കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിറ്റിനുള്ളിൽ തിരികെ വരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. 

തിരിച്ചിറങ്ങിയ ഇയാളുടെ കയ്യിൽ മുറിവുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സാക്ഷി മൊഴി. ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളിൽ ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവധിയായിട്ടും ചെടികൾക്ക് വെള്ളമൊഴിക്കാനാണ് വിനീത എത്തിയത്. 11 മണി വരെ സമീപവാസികൾ വിനീതയെ പുറത്തുകണ്ടിരുന്നു. 

ടാർപ്പോളിനടിയിൽ മൃതദേഹം

നഴ്സറിയിൽ ചെടിവാങ്ങാനെത്തിയ ചിലർ  ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയിരുന്ന നമ്പരിൽ ഉടമസ്ഥനെ വിളിക്കുകയായിരുന്നു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവർ ഉടമയെ അറിയിച്ചു. ഇതോടെ സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാർപ്പോളിനടിയിൽ മൃതദേഹം കണ്ടത്. 

പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ മൂർച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം. വിനീതയെ അടുത്തറിയാവുന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വിനീത കടയിൽ എത്തുമെന്ന് അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിൽ. 
 
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവൻറെ മാല കണ്ടെത്താനായിട്ടില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയം. വിനീത ഒന്നരവർഷമായി ആഗ്രോ ക്ലിനിക്കെന്ന നഴ്സറിയിൽ ജോലി ചെയ്യുന്നു. ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചു. രണ്ട് മക്കളുണ്ട്.