വായ്പ തിരിച്ചടവ് മുടങ്ങി, തിരുവനന്തപുരത്ത് വയോധികനെ ​ഗുണ്ടകൾ കിണറ്റിൽ തൂക്കിയിട്ട് മർദിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th February 2022 06:29 AM  |  

Last Updated: 10th February 2022 06:29 AM  |   A+A-   |  

naseem_attacked

ആക്രമിക്കപ്പെട്ട നസീം/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം; വായ്പ തിരിച്ചടവ് മുടങ്ങിയതിന് വയോധികനെ ഗുണ്ടകള്‍ കിണറ്റില്‍ തൂക്കിയിട്ട് മര്‍ദ്ദിച്ചു. തിരുവനന്തപുരത്ത് പോത്തൻകോടാണ് സംഭവമുണ്ടായത്.  പോത്തന്‍കോട് സ്വദേശി നസീമിനാണ് മര്‍ദ്ദനമേറ്റത്. പലിശയ്ക്ക് കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനായിരുന്നു മര്‍ദ്ദിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

പച്ചക്കറി കച്ചവടം നടത്തുന്ന നസീം കച്ചവട ആവശ്യങ്ങൾക്കായാണ് പണം പലിശക്കെടുത്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കച്ചവടം കുറഞ്ഞപ്പോള്‍ തിരിച്ചടവ് മുടങ്ങുകയായിരുന്നു. മാസം മൂവായിരം രൂപ തിരിച്ച് നല്‍കുന്നുണ്ടായിരുന്നുവെങ്കിലും ഒരു ലക്ഷം രൂപ തിരിച്ച് നല്‍കണം എന്നാണ് ആവശ്യം. ഇത് നൽകാൻ കഴിയാതെ ഇരുന്നതോടെയാണ് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ തട്ടിക്കൊണ്ടുപോയത്. 

വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ മടിച്ച തന്നെ ബലം പ്രയോഗിച്ച് കയറ്റിയ ശേഷം കഴുത്തില്‍ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് നസീം പറയുന്നു. പൗഡിക്കോണത്തെ ആളോഴിഞ്ഞ വീട്ടില്‍ എത്തിച്ച ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് ശേഷം വടി ഉപയോഗിച്ച് തല്ലുകയും ചെയ്തു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിലേക്ക് തലകീഴായി നിര്‍ത്തിയെന്നും നസീമിന്റെ പരാതിയിൽ പറയുന്നു.