

കൊല്ലം; വാഹനാപകടത്തിൽ കാൽ തകർന്നയാൾക്ക് 5.76 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ശാസ്താംകോട്ട ജമിനി ഹൈറ്റ്സ് ഉടമ ശാസ്താംകോട്ട മനക്കര മുറിയിൽ ജമിനിദാസി(55)നാണ് നഷ്ടപരിഹാരം അനുവദിച്ചത്. കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി എം.സുലേഖയുടേതാണ് ഉത്തരവ്.
എട്ടുശതമാനം പലിശയും കോടതിച്ചെലവും
നഷ്ടപരിഹാരത്തുകയായ 5,76,52,564 രൂപ ഈടാക്കുന്നതുവരെ വർഷം എട്ടുശതമാനം പലിശയും കോടതിച്ചെലവും ഇൻഷുറൻസ് കമ്പനി നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2015 മേയ് 23-നാണ് ജമിനി ദാസ് അപകടത്തിൽ പെടുന്നത്. കൊല്ലം രാമൻകുളങ്ങര കല്ലൂർകാവ് ക്ഷേത്രത്തിനുസമീപം റോഡരികിൽ നിന്ന ജമിനിദാസിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ വലതുകാലിനുണ്ടായ തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
ഷാർജയിൽ ബിസിനസ് നടത്തുകയായിരുന്നു ജെമിനിദാസ്. അപകടത്തെ തുടർന്ന് അദ്ദേഹത്തിന് ബിസിനസ് തുടരാനായില്ല. അന്നത്തെ വരുമാനവും അപകടമുണ്ടായില്ലെങ്കിൽ തുടർന്ന് വരുമാനത്തിലുണ്ടായേക്കാമായിരുന്ന വർധനയും വൈകല്യവും പ്രായവും കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. ജമിനിദാസിനുവേണ്ടി അഭിഭാഷകനായ ശൂരനാട് പി.ആർ.രവീന്ദ്രൻ പിള്ള ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates