ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷിക്കാൻ ചെലവഴിച്ചത് 75 ലക്ഷത്തോളം രൂപ, പ്രാഥമിക കണക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 13th February 2022 08:54 AM |
Last Updated: 13th February 2022 08:54 AM | A+A A- |

ബാബു
പാലക്കാട്; മലമ്പുഴ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന പൊതു ഖജനാവിൽ നിന്ന് ചെലവായത് 75 ലക്ഷത്തോളം രൂപ. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്കാണിത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകർ എന്നിവർക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. കൂടാതെ ഇനിയും ബില്ലുകൾ കിട്ടാനുണ്ട്.
ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട്
ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. വിവിധ രക്ഷാ സേനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന് സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത.
രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ സേവനം തേടി. എന്‍ഡിആര്‍എഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു.
ഹെലികോപ്റ്ററിന് മണിക്കൂറിൽ രണ്ടു ലക്ഷം
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്. വ്യോമസേനാ ഹെലികോപ്റ്ററിനും ലക്ഷം കടന്നു മണിക്കൂര്‍ ചെലവ്. കരസേനയുടെതുള്‍പ്പടെയുള്ള ദൗത്യ സംഘങ്ങള്‍ക്ക് ചെലവ് പതിനഞ്ച് ലക്ഷത്തിലേറെ. എന്‍ഡിആര്‍എഫ്, ലോക്കല്‍ ഗതാഗത സൗകര്യങ്ങള്‍, മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവായിട്ടുള്ള ബില്ല് പൂര്‍ണ്ണമായി ലഭിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.