

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ് കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ നിയമിച്ച നടപടിയിൽ അതൃപ്തി അറിയിച്ച് സർക്കാർ. രാഷ്ട്രീയ പാർട്ടികളിൽ സജീവമായവരെ നിയമിക്കുന്ന പതിവില്ലെന്ന് രാജ്ഭവന് നൽകിയ വിയോജന കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാലാണ് രാജ്ഭവന് കത്ത് നൽകിയത്.
ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ആയാണ് ഹരി എസ് കർത്തയെ നിയമിച്ചിരിക്കുന്നത്. ഗവർണർ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് സർക്കാർ വിയോജിപ്പ് വ്യക്തമാക്കിയത്.
നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും സർക്കാർ കത്തിൽ പറയുന്നു. ഗവർണറുടെ താത്പര്യപ്രകാരമാണ് നിയമനമെന്നും സർക്കാർ വ്യക്തമാക്കി.
ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. പിണറായി വിജയൻ സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates