അപ്പീല്‍ അനുവദിക്കണമെങ്കില്‍ പതിനഞ്ച് ലക്ഷം കെട്ടിവയ്ക്കണം; ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസില്‍ വിഎസിന് ഉപാധിവെച്ച് കോടതി

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു
വി എസ് അച്യുതാനന്ദന്‍, ഫയല്‍ ചിത്രം
വി എസ് അച്യുതാനന്ദന്‍, ഫയല്‍ ചിത്രം


തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തി കേസില്‍ വി എസ് അച്യുതാനന്ദന്റെ അപ്പീലില്‍ ഉപാധിവെച്ച് കോടതി.അപ്പീല്‍ അനുവദിക്കാന്‍ വിഎസ് പതിനഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം. തുക കെട്ടിവച്ചില്ലെങ്കില്‍ തതുല്യമായ ജാമ്യം നല്‍കണം. ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷത്തി പതിനായിരം രൂപ നല്‍കണമെന്നായിരുന്നു കേസിലെ വിധി. ഇത് ചോദ്യം ചെയ്താണ് വിഎസ് അപ്പീല്‍ നല്‍കിയത്. 

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഉപാധികള്‍ മുന്നോട്ടുവച്ചത്. 

2013 ജൂലൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിന് എതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. സോളാര്‍ തട്ടിപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി 2014ല്‍ ഹര്‍ജി നല്‍കിയത്. തന്നെ സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന്ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

കേസിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു സബ് കോടതിയുടെ വിധി.

ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി ചെലവുകള്‍ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com