അമ്മയുടെ സംരക്ഷണത്തെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം; കിടപ്പിലായ 85കാരി ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 07:35 AM  |  

Last Updated: 15th February 2022 07:35 AM  |   A+A-   |  

ambulance

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അമ്മയുടെ സംരക്ഷണത്തെ ചൊല്ലി മക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എണ്‍പത്തിയഞ്ചുകാരി ആംബുലന്‍സില്‍ കിടക്കേണ്ടിവന്നത് മണിക്കൂറുകളോളം. പൊലീസ് ഇടപെട്ടതോടെയാണ് വയോധികയ്ക്ക് ആംബുലന്‍സില്‍നിന്നു മോചനമായത്. മക്കളുമായി സംസാരിച്ച് പൊലീസ് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

ആറ്റിങ്ങല്‍ കടുവയില്‍ സ്വദേശിനിയായ വയോധികയാണ് മക്കളുടെ തര്‍ക്കത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടന്നത്. വാര്‍ദ്ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് കിടപ്പിലായ അമ്മ, നാലാമത്തെ മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഈ മകള്‍ അമ്മയെ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചു. എന്നാല്‍, ആ മകള്‍ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. പത്തു മക്കളുള്ള ഈ അമ്മയുടെ അഞ്ചു മക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ഡി മിഥുന്‍ പറഞ്ഞു.

നാലാമത്തെ മകള്‍ അമ്മയെ സ്ട്രക്ചറില്‍ കിടത്തി അഞ്ചാമത്തെ മകളുടെ വീടിനു മുന്നില്‍ വച്ചു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും വിഷയത്തിലിടപെട്ടു. കൗണ്‍സിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മക്കളുമായി സംസാരിച്ചു.അമ്മയുടെ മൂത്ത മകള്‍ വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും അവരെ പരിചരിക്കാന്‍ ആശുപത്രിയിലേക്കു പോകേണ്ടതിനാലാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചതെന്നുമാണ് നാലാമത്തെ മകള്‍ പറഞ്ഞിട്ടുള്ളത്. 

തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നു മാസം വീതം ഓരോ മക്കളും മാറിമാറി അമ്മയെ നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനില്‍ എഴുതിവച്ചു.അടുത്ത മൂന്നു മാസം അഞ്ചാമത്തെ മകള്‍ അമ്മയെ സംരക്ഷിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് അമ്മയെ മകളുടെ വീട്ടിലേക്ക് അയച്ച ശേഷമാണ് പൊലീസും ജനപ്രതിനിധികളും മടങ്ങിയത്.