അമ്പലമുക്ക് കൊലപാതകം: മാല പണയംവച്ച് ലഭിച്ച പണം രാജേന്ദ്രന്‍ രണ്ട് സ്ത്രീകള്‍ക്ക് നല്‍കി, വീടുകളില്‍ പരിശോധന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 07:56 AM  |  

Last Updated: 16th February 2022 07:56 AM  |   A+A-   |  

ambalamukku murder case rajendran

പ്രതി രാജേന്ദ്രന്‍

 

തിരുവനന്തപുരം: അമ്പലമുക്കില്‍ വിനീതയെ കൊലപ്പെടുത്തി കവര്‍ന്ന സ്വര്‍ണമാല പണയം വെച്ച് ലഭിച്ച പണം പ്രതി സുഹൃത്തുക്കള്‍ക്ക് കൈമാറിയതായി പൊലീസ്. പ്രതി രാജേന്ദ്രന്‍ രണ്ട് സ്ത്രീകള്‍ക്കാണ് പണം നല്‍കിയത്. ഇവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. 

അതിനിടെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നത് പ്രതി രാജേന്ദ്രന്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലെ കാവല്‍ക്കിണറിലുണ്ടെന്ന് രാജേന്ദ്രന്റെ മൊഴിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇതേവരെ കണ്ടെത്തിയിട്ടില്ല.

അമ്പലമുക്ക് കൊലപാതകം

അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണ് കൊടുംക്രിമിനലായ രാജേന്ദ്രന്‍. അലങ്കാരചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന ശേഷം രക്ഷപ്പെട്ട രാജേന്ദ്രനെ നാലു ദിവസത്തിനുശേഷമാണ് പിടികൂടിയത്. പിടികൂടുമ്പോഴും കുറ്റസമ്മതം നടത്താന്‍ പ്രതി തയ്യാറായിരുന്നില്ല. പരസ്പരവിരുദ്ധമായ മൊഴി നല്‍കിയ പ്രതിയെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തുകയും മോഷ്ടിച്ച സ്വര്‍ണം അഞ്ചുഗ്രാമത്തിലെ സ്വര്‍ണ പണയ സ്ഥാപനത്തില്‍ വച്ചതായും പറഞ്ഞത്.

രാജേന്ദ്രനുമായി അഞ്ചുഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സ്വര്‍ണ മാല എടുത്തുവെങ്കിലും അതില്‍ ലോക്കറ്റുണ്ടായിരുന്നില്ല. ലോക്കറ്റ് ഒളിവില്‍ താമസിച്ച ലോഡ്ജിലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. പക്ഷെ ലോക്കറ്റ് മുറിയില്‍ നിന്നും കണ്ടെത്താനായില്ല. കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയില്‍ മുറിവേറ്റിരുന്നു. ഇതിന് പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റ് രാജേന്ദ്രന്‍ താമസിച്ചിരുന്ന ലോഡ്ജു മുറിയില്‍ നിന്നും കണ്ടെത്തി.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി മുട്ടയിലെ കുളത്തില്‍ ഉപേക്ഷിച്ചുവെന്ന രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. കൊലപാതക സമയത്ത് ധരിച്ച ഷര്‍ട്ട് മാത്രമാണ് കണ്ടെത്തിയത്. കത്തി ഓട്ടോയില്‍ രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്. 

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വര്‍ണം കൈക്കലാക്കാന്‍ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്.