റെക്കോര്‍ഡിട്ട് കപ്പ വില; 20ല്‍ നിന്ന് 40ലേക്ക് കുതിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 16th February 2022 08:18 AM |
Last Updated: 16th February 2022 08:18 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: റെക്കോർഡിട്ട് കപ്പയുടെ ചില്ലറ വില്പന വില. കിലോയ്ക്ക് 20 രൂപയിൽ നിന്ന് 40ലേക്കാണ് ഉയർന്നത്. അടുത്ത കാലത്തെ ഏറ്റവും കൂടിയ വിലയാണ് ഇത്. മുൻവർഷത്തെ വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്ന് കൃഷി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർധനയ്ക്ക് കാരണം.
കപ്പ സംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവങ്ങളുടെ വരവിനെയും വിലക്കയറ്റം ബാധിക്കും. കഴിഞ്ഞ സീസണിൽ കപ്പയുടെ മൊത്തവില കിലോയ്ക്ക് എട്ടു രൂപ വരെ താഴ്‌ന്നിരുന്നു. കപ്പ വാങ്ങാൻ ആവശ്യക്കാരില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കൊടുക്കാൻ കർഷകർ നിർബന്ധിതരായിരുന്നു. പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പ് 12 രൂപയ്ക്ക് കപ്പക്കർഷകരിൽ നിന്ന് സംഭരിച്ച് വാട്ടിയും ഉണക്കിയും കിറ്റുകളിൽ കൂടിയും വിതരണം ചെയ്തു.
കൃഷി കുറയാനുണ്ടായ പ്രധാന കാരണം വിലക്കുറവാണ്. ചെലവാക്കിയ തുകപോലും കിട്ടാതെവന്നപ്പോൾ പലരും കൃഷി ഉപേക്ഷിച്ചു. കൂലി വർധനയും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളിൽ കാട്ടുപന്നി നാശം വിതച്ചതുമെല്ലാം കർഷകരെ കപ്പ കൃഷിയിൽനിന്ന് പിന്തിരിപ്പിച്ചു.