മകന്റെ മരണത്തില്‍ പക, ദുര്‍മന്ത്രവാദിനിയെ കൊന്ന് വനത്തില്‍ തള്ളി; കേരളത്തിലേക്ക് കടന്ന യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 08:22 AM  |  

Last Updated: 17th February 2022 08:22 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഝാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി കേരളത്തിലേക്കു കടന്ന പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. സുറാബിറ ഖുച്ചായ് സ്വദേശി ലോറന്‍സ് സമാഡ് (31) ആണ് പിടിയിലായത്. 

75 വയസ്സുള്ള ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി മാവോയിസ്റ്റ് മേഖലയിലെ വനത്തില്‍ തള്ളിയ ശേഷം ലോറന്‍സ് കേരളത്തിലേക്കു കടക്കുകയായിരുന്നു.  വാഴക്കാലയില്‍ ഝാര്‍ഖണ്ഡുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് ആയിരുന്നു താമസം.

ദുര്‍മന്ത്രവാദിനിയുടെ കൊലപാതകം

കഴിഞ്ഞ ഡിസംബര്‍ 29ന് ആയിരുന്നു കൊലപാതകം. ലോറന്‍സിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണു ദുര്‍മന്ത്രവാദിനിയോടു പകയുണ്ടായത്. മകന്‍ മരിച്ചതോടെ മന്ത്രവാദിനിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവരെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഖുച്ചായ് പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്. വനമേഖലയില്‍ നിന്നു മന്ത്രവാദിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെ കൊലപാതകമാണെന്നു വ്യക്തമായി.

കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണു ലോറന്‍സിനെ സംശയിക്കുന്നതായി ഖുച്ചായ് പൊലീസിനോടു പറഞ്ഞത്. അന്വേഷണത്തില്‍ ലോറന്‍സ് തന്നെയാണു കൊലയാളിയെന്നു പൊലീസിനു ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി സംസ്ഥാനം വിട്ടിരുന്നു.

ദുര്‍മന്ത്രവാദിനിയെ കൊന്ന് വനത്തില്‍ തള്ളി

ലോറന്‍സിന്റെ ഫോണ്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഝാര്‍ഖണ്ഡിലെ എസ്പി കൊച്ചി ഡിസിപി വി യു കുര്യാക്കോസിനെ ബന്ധപ്പെട്ടു. തൃക്കാക്കര അസി പൊലീസ് കമ്മിഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു ലോറന്‍സ് വാഴക്കാലയില്‍ താമസിക്കുന്നുണ്ടെന്നു കണ്ടെത്തിയത്.പള്ളിക്കരയിലെ കെട്ടിട നിര്‍മാണ സ്ഥലത്തു സഹായിയായി ജോലി ചെയ്യുന്നതിനിടെ അവിടം വളഞ്ഞാണു പൊലീസ് ലോറന്‍സിനെ പിടികൂടിയത്.