നയപ്രഖ്യാപനം കേള്‍ക്കാന്‍ ജ്യോതിലാല്‍ ഗാലറിയില്‍, സര്‍ക്കാരിനെ പ്രശംസിച്ചപ്പോഴും കൈയടിക്കാതെ ഭരണപക്ഷം

പ്രതിപക്ഷം ബഹളം വെച്ചപ്പോഴും ഭരണപക്ഷ എംഎല്‍എമാര്‍ നിശബ്ദത പാലിക്കുകയായിരുന്നു
കെ ആർ ജ്യോതിലാൽ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കെ ആർ ജ്യോതിലാൽ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാന്‍ നിയമസഭയില്‍ പൊതുഭരണവകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ കെ ആര്‍ ജ്യോതിലാലും. സഭയിലെ ഉദ്യോഗസ്ഥ ഗാലറിയിലിരുന്നാണ് ജ്യോതിലാല്‍ നയപ്രഖ്യാപന പ്രസംഗം വീക്ഷിച്ചത്. ഗവര്‍ണറുടെ അപ്രീതിയെത്തുടര്‍ന്ന് ഇന്നലെയാണ് ജ്യോതിലാലിനെ പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. 

ഐഎഎസ് ഉദ്യോഗസ്ഥനായ കെ ആര്‍ ജ്യോതിലാല്‍ ഗതാഗത- ദേവസ്വം വകുപ്പ് സെക്രട്ടറിയാണ്. പൊതുഭരണ വകുപ്പിന്റെ ചുമതല ശാരദ മുരളീധരന് സര്‍ക്കാര്‍ നല്‍കി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ വിളിച്ചാണ് ജ്യോതിലാലിനെ നീക്കിയ കാര്യം അറിയിച്ചത്. ഇതിന് ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. 

അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ അഭിനന്ദിക്കാതെ ഭരണപക്ഷം നിശബ്ദത പാലിച്ചു. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഡെസ്‌കിലടിച്ച് അഭിനന്ദിക്കുക പതിവാണ്. എന്നാല്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഉടക്കിലുള്ള അതൃപ്തിയാണ് ഭരണപക്ഷത്തിന്റെ നിശബ്ദതയ്ക്ക് പിന്നിലെന്നാണ് സൂചന. പ്രതിപക്ഷം ബഹളം വെച്ചപ്പോഴും ഭരണപക്ഷ എംഎല്‍എമാര്‍ നിശബ്ദത പാലിക്കുകയായിരുന്നു. 

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവർണർ

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ഗവർണർ സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യസംവിധാനങ്ങൾക്ക് കഴിഞ്ഞതായും അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ യാത്രാ സാഹചര്യമാണ് കെ റെയിലിലൂടെ കേരളത്തിനു ലഭിക്കുക. സിൽവർലൈൻ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. വേഗവും സൗകര്യവും ഉറപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നുവെന്നും ​ഗവർണർ പറഞ്ഞു.

സുസ്ഥിര വികസന സൂചികകളിൽ കേരളമാണ് മുന്നിൽ. ആരോഗ്യരംഗത്ത് സംസ്ഥാനമാണ് രാജ്യത്ത് മുന്നിൽ.  ദാരിദ്രനിർമാർജനത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്രം കുറവ് സംസ്ഥാനത്താണ്. ബിപിഎൽ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ ചെലവു കൂടിയിട്ടും വിഹിതം കൂട്ടാൻ കേന്ദ്രം തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്തെ സഹായിക്കുക കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com