'ഇതു ദിലീപിന്റെ പ്രതികാരം': മുൻകൂർ ജാമ്യാപേക്ഷയുമായി  സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 04:43 PM  |  

Last Updated: 18th February 2022 04:43 PM  |   A+A-   |  

balachandrakumar1

ഫയല്‍ ചിത്രം

 

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ആണ്. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു. 

തനിക്കെതിരായ ലൈം​ഗിക പീഡന പരാതി കെട്ടിച്ചമച്ചതാണ്.  ഇതിൽ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ല.  ഇത്രയും വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ബാലചന്ദ്രകുമാർ ജാമ്യ ഹർജിയിൽ പറയുന്നു.

കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എളമക്കര പൊലീസാണ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തത്. 2011ൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.