കാട്ടാന ആക്രമണത്തില്‍ മരിച്ച അഞ്ചുവയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 12:26 PM  |  

Last Updated: 18th February 2022 01:14 PM  |   A+A-   |  

athirappilly wild elephant attack

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ചു വയസുകാരി ആഗ്നിമിയ

 

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അഞ്ചു വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തന്‍ച്ചിറ സ്വദേശി ജയന്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അഞ്ചുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്ന ജയന് കാലിന് പരിക്കേറ്റിരുന്നു. 

മാള പുത്തന്‍ചിറ സ്വദേശിനി അഞ്ചു വയസുള്ള ആഗ്‌നിമിയ ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ നിഖിലിനും മുത്തച്ഛന്‍ ജയനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. 

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനയെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി.

ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും ജയനും പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.