'ഗവര്‍ണറുടെ മൂന്നാര്‍ യാത്രയെക്കുറിച്ച് ഞങ്ങളാരെങ്കിലും ചോദിച്ചോ?; 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്?'; വിമര്‍ശനവുമായി കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 03:01 PM  |  

Last Updated: 19th February 2022 03:02 PM  |   A+A-   |  

kanam-orginal

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ ഭരണഘടനാപരമായ ദൗത്യമാണ് നിര്‍വഹിക്കേണ്ടത്. പേഴ്‌സണല്‍ സ്റ്റാഫ് വിഷയങ്ങളില്‍ ഇടപെടേണ്ട കാര്യമില്ല. 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്നും കാനം ചോദിച്ചു. 

പൊതുഭരണ സെക്രട്ടഖി കെ ആര്‍ ജ്യോതിലാലിനെ മാറ്റാന്‍ ഗവര്‍ണര്‍ സമ്മര്‍ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. മന്ത്രിമാരുടെ പേഴ്സല്‍ സ്റ്റാഫിലക്കു പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. പേഴ്സനല്‍ സ്റ്റാഫിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണ്. ഇതു സംസ്ഥാനത്തിനു വന്‍ സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്നുണ്ടെന്നു ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. 

'ഗവര്‍ണറുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങേണ്ടിയിരുന്നില്ല. ഗവര്‍ണറുടെ ജോലി എന്താണെന്ന നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അത് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവത്തില്‍ എടുക്കേണ്ടതില്ല. ഭരണഘടനയ്ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചില്ലെങ്കില്‍ അദ്ദേഹം രാജിവച്ചു പോകേണ്ടിവരും. പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ഇടപെടാനൊന്നും അദ്ദേഹത്തിന് ഒരു അധികാരവുമില്ല. അതൊക്കെ എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയില്‍പ്പെട്ടതാണ്.'- കാനം പറഞ്ഞു. 

'ഈ കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ നടത്തിയ യാത്രയെക്കുറിച്ച് ഞങ്ങളാരും പറഞ്ഞില്ലല്ലോ. വിവരാവകാശം വെച്ച് നിങ്ങള്‍ ചോദിച്ചാല്‍, മൂന്നാറില്‍ പോയതിന്റെയും ലക്ഷദ്വീപില്‍ പോയതിന്റെയുമൊക്കെ ചെലവ് എത്രയാണെന്ന് കിട്ടും.'-കാനം പറഞ്ഞു. 

ഗവര്‍ണര്‍ തന്നെ വേണ്ട എന്ന നിലപാടാണ് സിപിഐയ്ക്കുള്ളത്. ഗവര്‍ണര്‍ സ്ഥാനം ആവശ്യമില്ലാത്ത ആര്‍ഭാടമാണ്. സര്‍ക്കാര്‍ ഗവര്‍ണറുടെ മുന്നില്‍ വഴങ്ങാന്‍ പാടില്ല എന്നും കാനം പറഞ്ഞു.