കനാലില്‍ യുവാവ് മരിച്ചനിലയില്‍; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 07:28 AM  |  

Last Updated: 20th February 2022 07:28 AM  |   A+A-   |  

murder case

കടയ്ക്കാവൂരില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

 

തിരുവനന്തപുരം:  കടയ്ക്കാവൂരില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കടയ്ക്കാവൂര്‍ ചാവടിമുക്ക് സ്വദേശിയായ മണികണ്ഠനെയാണ് കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മണികണ്ഠന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് സ്വദേശിയായ അജീഷിനെ പൊലീസ് അറസ്റ്റുചെയ്തു. 
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മണികണ്ഠനെ അജീഷ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

 ചൊവ്വാഴ്ച രാത്രി മണികണ്ഠനും അജീഷും കടയ്ക്കാവൂര്‍ പാലത്തിന് സമീപം റെയില്‍വേ ട്രാക്കിനടുത്തിരുന്ന് മദ്യപിച്ചു. ഇതിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടു. റെയില്‍വേ ട്രാക്കിലെ കല്ലുകൊണ്ട് മണികണ്ഠനെ അജീഷ് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

അടിപിടിക്കിടെ അജീഷിന്റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിരുന്നു. ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. വ്യാഴാഴ്ചയാണ് മണികണ്ഠനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിക്കുന്നത്. കൊച്ചുപാലത്തിന് സമീപം മണികണ്ഠന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കനാലില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് സിസിടിവി കാമറകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.