അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ഹരിദാസിന്റെ മൃതദേഹം സംസ്കരിച്ചു

തലശേരി ന്യൂമാഹിക്കടുത്ത് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍

കണ്ണൂർ:  തിങ്കളാഴ്ച പുലർച്ചെ വെട്ടേറ്റ് മരിച്ച സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിനു പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. 

ആശുപത്രിയിൽനിന്നു വിലാപയാത്രയായി എത്തിച്ച മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വച്ചു. തുടർന്നു വീട്ടുവളപ്പിലേക്കു കൊണ്ടുവന്നു. എഎൻഷംസീർ എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ തുടങ്ങി ഒട്ടേറെ നേതാക്കൾ സ്ഥലത്തെത്തി. 

തലശേരി ന്യൂമാഹിക്കടുത്ത് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വീട്ടുമുറ്റത്ത് പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഹരിദാസന്റെ സഹോദരനടക്കം വീട്ടില്‍നിന്ന് ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പൊലീസ് കണ്ടെടുത്തത്. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്‌ധരും പരിശോധന നടത്തുകയും ചെയ്‌തു. കണ്ടെടുത്ത ആയുധങ്ങള്‍ മാത്രമാണോ കൊലപാതകത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആർഎസ്‌എസ് പ്രവർത്തകരായ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

ഹരിദാസന്റെ ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമായതെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com