രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം: അമ്മയ്‌ക്കെതിരെ കേസ്, കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 08:56 PM  |  

Last Updated: 21st February 2022 08:56 PM  |   A+A-   |  

emergency care

പ്രതീകാത്മക ചിത്രം

 

കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജുവൈനല്‍ നിയമ പ്രകാരമാണ് അമ്മയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 

രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം

കൊച്ചി തൃക്കാക്കരയില്‍ നിന്നുള്ള കുട്ടിയെ ഇന്നലെ രാത്രി അമ്മയാണ് എത്തിച്ചത്. തലയ്ക്ക് ക്ഷതമേറ്റെന്ന് വ്യക്തമാണെങ്കിലും അമ്മയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിച്ചു.  കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ രാത്രിയിലാണ് രണ്ടര വയസുകാരിയുമായി അമ്മയും അമ്മൂമ്മയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. 

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രണ്ടര വയസുള്ള ശരീരത്തില്‍ തലതൊട്ട് കാലുവരെ പലതരം പരിക്കുകളാണ് കണ്ടെത്തിയത്. പരിക്കുകളുടെ കാരണം വ്യക്തമല്ല. മുറിവിന്റെയും പൊള്ളലേറ്റത്തിന്റെയും പാടുകള്‍ ഇക്കൂട്ടത്തിലുണ്ട്.  പഴക്കംചെന്ന മുറിവുകളും ശ്രദ്ധയില്‍പ്പെട്ടു. പഴങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ സിടി സ്‌കാന്‍ ചെയ്തതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തലയ്ക്കു ക്ഷതമേറ്റതായും മനസിലായി. വിശദമായി അറിയാന്‍ എംആര്‍ഐ സ്‌കാനിങ്ങിന് ഒരുങ്ങിയപ്പോഴാണ് കുട്ടിക്ക് അപസ്മാരം കണ്ടത്. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

അമ്മയുടെ വാക്കുകളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ രാത്രി തന്നെ പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു. തൃക്കാക്കരയില്‍ നിന്നാണെന്നു അറിഞ്ഞതോടെ തൃക്കാക്കര പൊലീസ് ആശുപത്രിയില്‍ എത്തി. അമ്മയുടെ മൊഴിയെടുത്തെങ്കിലും ദുരൂഹത തുടരുകയാണ്. കുമ്പളത്തു നിന്ന് തൃക്കാക്കരയില്‍ എത്തി ഒരു മാസമായി വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.