'പറന്നു നടക്കാം'; നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ചു; 15കാരന്‍ കുഴഞ്ഞുവീണു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2022 08:46 PM  |  

Last Updated: 24th February 2022 08:46 PM  |   A+A-   |  

ganja

അറസ്റ്റിലായ വിജേഷ്‌

 

തൃശൂര്‍: നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീഴാന്‍ ഇടയായ സംഭവത്തില്‍ കഞ്ചാവു നല്‍കിയ ആള്‍ അറസ്റ്റില്‍. 19കാരനായ പണക്കാരന്‍ വീട്ടില്‍ വിജേഷിനെയാണ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ വെസ്റ്റ് എസ്‌ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 22നു വൈകിട്ട് 6നു പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്താണു സംഭവം നടന്നത്. 

'കഞ്ചാവ് ഇല പൊടിച്ച് ബീഡിയില്‍ നിറച്ച് കത്തിച്ചുവലിച്ചാല്‍ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും' പ്രേരിപ്പിച്ച് പ്രതി നിര്‍ബന്ധിച്ച് വലിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും അമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.