വാളയാറിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; 67,000 രൂപ പിടിച്ചെടുത്തു; പച്ചക്കറിയും പഴവും കൈക്കൂലി! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 08:07 AM  |  

Last Updated: 04th January 2022 08:07 AM  |   A+A-   |  

raid by vigilance in walayar

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് പാലക്കാട് നിന്നുള്ള വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടെ നിന്ന് 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. ഉ​ദ്യോ​ഗസ്ഥർ  ശേഖരിക്കുന്ന പണം ഓഫീസിൽ നിന്ന് പുറത്തു കടത്താൻ ഏജന്റുണ്ട്. ഇത്തരത്തിൽ ഏജന്റിന് കൈമാറിയ പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.  

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 
ആർടിഓ ചെക്ക് പോസ്റ്റിൽ അഞ്ച് ഉദ്യോ​ഗസ്ഥർ ഡ്യൂട്ടി മാറി കയറിയത്. എട്ട് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയും പണം കൈക്കൂലിയായി ഉ​ദ്യോ​ഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെ പത്ത് മണി മുതൽ രാത്രി 12 മണി വരെ സർക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്. 

വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഉദ്യോ​ഗസ്ഥൻ അടുത്തുള്ള ആശുപത്രിയിലും അഭയം തേടി. ഇവരെ വിജിലൻസ് പിന്തുടർന്ന് പിടികൂടി.

പണം കൂടാതെ അതിർത്തി കടന്നെത്തുന്ന പച്ചക്കറി, പഴങ്ങൾ എന്നിവയും ഉദ്യോ​ഗസ്ഥർ കൈക്കൂലിയായി വാങ്ങാറുണ്ടെന്ന് വിജിലൻസ് സംഘം വിശദീകരിക്കുന്നു.