ശസ്ത്രക്രിയക്ക് എത്തിച്ച ചിന്നുപ്പൂച്ചയെ കാണാനില്ല, 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 08:25 AM  |  

Last Updated: 04th January 2022 08:25 AM  |   A+A-   |  

CAT died

പ്രതീകാത്മക ചിത്രം


തൃശ്ശൂർ: നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം. പാലക്കാട് ഓങ്ങല്ലൂരിലുള്ള ചിന്നു എന്ന നാടൻ പൂച്ചയെയാണ് കാണാതായത്. തൃശ്ശൂർ മണ്ണുത്തിയിൽ ശസ്ത്രക്രിയക്ക് കൊണ്ടുവന്നപ്പോഴാണ് കാണാതായത്.  

പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്കായാണ്  ചിന്നുവിനെ മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലാ കേന്ദ്രത്തിൽ എത്തിച്ചത്. സന്തോഷ്‍കുമാറും ഭാര്യ മഞ്ജുഷയുമാണ് ചിന്നുവുമായി വെറ്റിവറി സർവകലാശാലയിൽ എത്തിയത്. ഡിസംബർ 22-ന് രാവിലെ പത്തരയ്ക്ക് എത്തിച്ച പൂച്ചയെ പെട്ടെന്ന് കാണാതായി. 

വെള്ളയും തവിട്ടും ഇടകലർന്ന നിറമാണ്

അന്ന് മുഴുവനും പിന്നീട് ഏതാനും ദിവസവും മണ്ണുത്തി മേഖലയിൽ ദമ്പതിമാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയത്. വെള്ളയും തവിട്ടും ഇടകലർന്ന നിറമാണ്. കണ്ടുകിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

ഒരു വർഷം മുമ്പാണ് ചിന്നുവിനെ ഇവർക്ക് കിട്ടിയത്. വീട്ടുവളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.  രണ്ടുമാസം മുൻപ് മൂന്ന് കുഞ്ഞുങ്ങൾക്ക് ചിന്നു ജന്മം നൽകി. വീട്ടിലിപ്പോൾ 10 പൂച്ചകളുണ്ട്. ഇതോടെയാണ് പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായി മണ്ണുത്തിയിലെ ആശുപത്രിയിലെത്തിച്ചത്.