'ആ സംശയം തുണയായി', അലക്‌സിന് നന്ദി; നവജാത ശിശുവിനെ കണ്ടെത്താന്‍ സഹായിച്ചത് ടാക്‌സി ഡ്രൈവര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 07:51 PM  |  

Last Updated: 06th January 2022 07:51 PM  |   A+A-   |  

BABY ABDUCTION CASE

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി തിരികെ എത്തിക്കുന്നു, ടെലിവിഷന്‍ ദൃശ്യം

 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത് ടാക്‌സി ഡ്രൈവറുടെ ഇടപെടല്‍. തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലില്‍ എത്തിയ യുവതി ഇവിടെ നിന്നും ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 

കുഞ്ഞുമായി ഹോട്ടലില്‍ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാന്‍ ഒരു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും അലക്‌സ് എന്നയാളുടെ ടാക്‌സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്‌സ് ഇവരെ അറിയിച്ചു. 

'ഹോട്ടലില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് വിളി വന്നത് അനുസരിച്ചാണ് ഞാന്‍ ചെന്നത്. ആരാണ് യാത്രക്കാര്‍ എന്നു ചോദിച്ചപ്പോള്‍ ഒരു കുഞ്ഞിനേയും കൊണ്ടു പോകാനാണെന്ന് പറഞ്ഞു. അന്നേരം ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഒരു കുഞ്ഞിനെ കാണാതായ വിവരം ഞാന്‍ അവരോട് പറഞ്ഞത്.  യുവതിയുടെ കൈയ്യിലുള്ളത് ഒരു നവജാത ശിശുവാണെന്നും റിസപ്ഷനിലുണ്ടായിരുന്ന  പെണ്‍കുട്ടി എന്നോട് പറഞ്ഞു. ആശുപത്രിയില്‍ നിന്നും കാണാതായ കുട്ടി തന്നെയാണ് ഇതെന്ന് എനിക്ക് സംശയം തോന്നി. അപ്പോള്‍ തന്നെ വിവരം ഹോട്ടല്‍ മാനേജറെ അറിയിച്ചു'-  അലക്‌സിന്റെ വാക്കുകള്‍ ഇങ്ങനെ.

തുടര്‍ന്ന് അലക്‌സ് ഹോട്ടല്‍ മാനേജറേയും മാനേജര്‍ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.  വിവരം ലഭിച്ചയുടന്‍ ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.