കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഇല്ല, നീതുവിന്റെ ലക്ഷ്യമറിയാന്‍ ചോദ്യം ചെയ്യുന്നു: കോട്ടയം എസ്പി 

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ്പി ശില്‍പ
കോട്ടയം എസ്പി ശില്‍പ മാധ്യമങ്ങളോട്
കോട്ടയം എസ്പി ശില്‍പ മാധ്യമങ്ങളോട്

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ്പി ശില്‍പ. കുട്ടിയെ തട്ടിയെടുത്ത നീതുവിന്  ഒരു റാക്കറ്റുമായി ബന്ധമില്ല. പ്രതി തനിയെയാണ് കുറ്റം ചെയ്തത്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ആണ് കുട്ടിയെ തട്ടിയെടുത്തത്. നീതുവിന്റെ ലക്ഷ്യമറിയാന്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഉണ്ടോ എന്ന് മന്ത്രി സജി ചെറിയാന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്പിയുടെ വിശദീകരണം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നീതുവിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത വരികയുള്ളൂ. മുന്‍പ് നീതു കുറ്റകൃത്യങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെട്ടിട്ടില്ല. നീതുവിന് ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണ്. നാലാം തീയതി മുതല്‍ നീതു ഹോട്ടലില്‍ താമസിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.

ഡോക്ടറുടെ വേഷം ധരിച്ചെത്തിയാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ല. പൊലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വി എന്‍ വാസവന്‍ മാധ്യമങ്ങളോട്  പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്‌സി വിളിച്ചിരുന്നു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയ ഡ്രൈവറുടെ ഇടപെടല്‍ വഴിയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. ആശുപത്രിയില്‍ നിന്ന് കാണാതായ കുട്ടിയാണ് യുവതിയുടെ കൈയില്‍ ഇരിക്കുന്നത് എന്ന് സംശയം തോന്നിയ ഡ്രൈവര്‍ അലക്‌സ് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. 

ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീ, കളര്‍ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ അല്ല എന്ന സംശയം തോന്നാതിരുന്നതിനാല്‍ കുഞ്ഞിനെ ഡോക്ടറിന് നല്‍കി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com