സില്‍വര്‍ ലൈന്‍: എറണാകുളത്ത് രണ്ട് സ്റ്റോപ്പുകള്‍; തിരുവനന്തപുരം-കൊച്ചി യാത്രാസമയം ഒന്നര മണിക്കൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 11:00 AM  |  

Last Updated: 06th January 2022 11:00 AM  |   A+A-   |  

silver line project survey stone

പ്രതീകാത്മക ചിത്രം

 

കൊച്ചി: സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ രണ്ട് സ്റ്റോപ്പുകളുണ്ടാകും. 529.45 കിലോമീറ്ററുള്ള റെയില്‍ പാതയില്‍ രണ്ട് സ്റ്റോപ്പുകള്‍ ഉള്ള ഏക ജില്ല എറണാകുളമാണ്. കാക്കനാടും നെടുമ്പാശ്ശേരിയുമാണ് എറണാകുളത്തെ രണ്ട് സ്റ്റോപ്പുകള്‍. പദ്ധതിയില്‍ ആകെ 11 സ്റ്റോപ്പുകളാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനം എന്നനിലയിലാണ് എറണാകുളത്ത് രണ്ട് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. 

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നതിനാലാണ് നെടുമ്പാശ്ശേരിയില്‍ സ്റ്റോപ്പ്. തിരുവനന്തപുരം, കൊല്ലം,ചെങ്ങന്നൂര്‍, കോട്ടയം, കാക്കനാട്. നെടുമ്പാശ്ശേരി, തൃശൂര്‍,തിരൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് നിലവില്‍ സില്‍വൈര്‍ ലൈന്‍ സ്‌റ്റോപ്പുകള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. 

കേരളത്തില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ ഒന്നായ ജന്‍ ശതാബ്ദി നാലു മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തുന്നത്. സില്‍വര്‍ ലൈനിലൂടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒന്നര മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോഴിക്കോട് നിന്ന് കൊച്ചിയിലേക്കെത്താന്‍ 75 മിനിറ്റ് മതിയാകും. 

ഒരു കിലോമീറ്ററിന് 2.75 രൂപ എന്ന നിരക്കിലാണ് നിലവില്‍ ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. 540 രൂപയാണ് എറണാകുളം-തിരുവനന്തപുരം യാത്രയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. പതിനൊന്ന് ജില്ലകളില്‍ കൂടിയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. 

പകല്‍ പാസ്സഞ്ചര്‍,രാത്രി ചരക്ക് നീക്കം

പകല്‍ സമയങ്ങളില്‍ പാസ്സഞ്ചര്‍ ട്രെയിനുകളും രാത്രികാലങ്ങളില്‍ ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാനാണ് ആലോചന. 480 ട്രക്കുകള്‍ റോ റോ സര്‍വീസിലൂടെ ഒരുദിവസം കൊണ്ടുപോകാന്‍ സാധിക്കും. അഞ്ച് റോ-റോ സ്‌റ്റേഷനുകള്‍ ഉണ്ടാകും. ഇവ പാസ്സഞ്ചര്‍ സ്റ്റേഷനുകളില്‍ നിന്ന് മാറിയാകും സ്ഥാപിക്കുക. 

കൊല്ലം, പഴങ്ങനാട്. തിരൂര്‍,കണ്ണൂര്‍ എന്നിവടങ്ങളില്‍ മെയിന്റനന്‍സ് ഡിപ്പോകള്‍ സ്ഥാപിക്കും. 46,206 റോഡ് യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

എറണാകുളത്ത് ഇന്ന് മുഖ്യമന്ത്രിയുടെ യോഗം 

അതേസമയം, പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങളും ശക്തമാണ്. പദ്ധതിക്ക് എതിരെ നൂറു കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. ജനസമക്ഷം കെ-റെയില്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന എറണാകുളം ടിജിഎം ഹാളില്‍ നടക്കും.