സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി? സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനോട് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 09:12 AM  |  

Last Updated: 07th January 2022 09:12 AM  |   A+A-   |  

silver_line_high_court

ഫയല്‍ ചിത്രം

 

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍വേ നടത്താതെ രൂപരേഖ തയ്യാറാക്കിയത് എങ്ങനെ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ചോദ്യം. 

ശരിയായ സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത് എന്ന് കോടതി ചോദിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എങ്ങനെ കൃത്യമായി മനസിലായെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

സര്‍ക്കാരിന്റെ വിശദീകരണം തേടി കോടതി

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ നാലുപേര്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് 12ലേക്ക് മാറ്റി. 

റെയില്‍വേ ആക്ട് പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമാണ് സ്‌പെഷല്‍ റെയില്‍വേ പദ്ധതികള്‍ക്കായി സര്‍വേ നടത്താന്‍ കഴിയു എന്നതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹരജി. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാറാണ് പുറപ്പെടുവിക്കേണ്ടത്. പദ്ധതിക്ക് 955.13 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ സ്‌പെഷല്‍ തഹസില്‍ദാരെയടക്കം നിയമിച്ച് ആഗസ്റ്റ് 18ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതിന് വിരുദ്ധമായതിനാല്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.