കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍; നീതുവും ബാദുഷയും തമ്മില്‍ ഏറെ നാളത്തെ അടുപ്പം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 07:30 AM  |  

Last Updated: 07th January 2022 07:33 AM  |   A+A-   |  

BABY ABDUCTION CASE

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി തിരികെ എത്തിക്കുന്നു, ടെലിവിഷന്‍ ദൃശ്യം

 

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ നീതു എന്ന യുവതി തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനെന്ന് പൊലീസ്. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം എന്ന് പൊലീസ് പറയുന്നു. 

നീതു നേരത്തെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഇവര്‍ പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയെന്നും പൊലീസ് പറയുന്നു. നീതുവിനെ ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ പൊലീസ് ഹാജരാക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു കുഞ്ഞിനെ കടത്തിക്കൊണ്ടു പോയത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യില്‍ നിന്ന് നീതു കുഞ്ഞിനെ വാങ്ങിയത്. 

ബാദുഷ നീതുവില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു

പിടിയിലായ ഇബ്രാഹിം ബാദുഷയും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ബാദുഷ നീതുവില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ഇരുവരും ഓരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. പണവും സ്വര്‍ണവും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. 

ഇബ്രാഹീം ബാദുഷയെ പൊലീസ് വ്യാഴാഴ്ച പിടികൂടിയിരുന്നു. ഹോട്ടലില്‍ നിന്നാണ് നീതുവിനൊപ്പം കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. കൊച്ചിയിലേക്ക് പോകാനായി ഇവര്‍ ടാക്‌സി വിളിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണോ ഇവരുടെ കയ്യില്‍ എന്ന സംശയത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.