ഏഴ് ദിവസത്തിനിടെ ആറ് മോഷണങ്ങൾ! സ്വർണവും പണവും അടിച്ചുമാറ്റുന്നു; മൂവാറ്റുപുഴയിൽ ബസ് യാത്രക്കാരെ വിറപ്പിച്ച് മോഷ്ടാക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 10:28 AM  |  

Last Updated: 09th January 2022 10:28 AM  |   A+A-   |  

roberry_kerala

പ്രതീകാത്മക ചിത്രം

 

കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ മോഷണം തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് മോഷണങ്ങളാണ് മൂവാറ്റുപുഴ നഗരത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസുകളിൽ നടന്നത്. പൊലീസിൽ ഉൾപ്പെടെ പരാതി നൽകിയ മോഷണങ്ങളുടെ എണ്ണമാണിത്. വേറെയും മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. 

ഡിസംബർ 31ന് സ്വകാര്യ ബസിൽ നിന്ന് മഠത്തിക്കുടിയിൽ മിനിമോളുടെ 1 പവൻ മാലയും 1000 രൂപയുമാണ് കവർന്നത്. രാവിലെ 9.45 പുളിഞ്ചുവടിനും വെള്ളൂർകുന്നത്തിനും ഇടയ്ക്കാണ് മോഷണം നടന്നത്. എടിഎം കാർഡുകളും മറ്റു വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗും നഷ്ടമായി. വെള്ളുർക്കുന്നത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മിനിമോൾ വീട്ടിൽ നിന്നു സ്ഥാപനത്തിലേക്കു വരുമ്പോഴായിരുന്നു മോഷണം. 

തൊട്ടടുത്ത ദിവസം തന്നെ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ നിന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൈങ്ങോട്ടൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന നഴ്സിന്റെ ബാഗിൽ നിന്നു പണവും രേഖകളുമടങ്ങുന്ന പഴ്സ് ബസ് യാത്രയ്ക്കിടയിൽ നഷ്ടമായി. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടെ 5000 രൂപയും പഴ്സും ഇതേ ബസിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. 

ഇന്നലെ മേക്കടമ്പിലുള്ള സ്ത്രീയുടെ പണമടങ്ങിയ പഴ്സ് കടാതിക്കും നെഹ്റു പാർക്കിനും ഇടയിൽ ബസിൽ നിന്നു നഷ്ടമായി. മോഷണങ്ങൾക്കു പിന്നിൽ സ്ത്രീകളുടെ സംഘമാണെന്നാണു സംശയം. ഇവർ തമിഴ് കലർന്ന മലയാളത്തിൽ സംസാരിച്ചിരുന്നതായി മോഷണത്തിനിരയായവർ പറയുന്നു. ബാഗുകൾ‍ കീറാതെ വിദഗ്ധമായി തുറന്നാണ് മോഷണം നടത്തുന്നത്. അതിനാൽ യാത്രക്കാർ പലപ്പോഴും വീട്ടിൽ എത്തുമ്പോൾ മാത്രമാണ് മോഷണം നടന്ന വിവരം അറിയുകയുള്ളൂ.

സ്വകാര്യ ബസുകളിലാണ് പതിവായി മോഷണം നടക്കുന്നത്. ഒരേ ബസുകളിൽ തന്നെ പലവട്ടം മോഷണം നടന്നിട്ടുണ്ട്. ഇതേ തുടർന്ന് ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മോഷണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കാൻ തയാറാകുന്നില്ലെന്നു മോഷണത്തിനിരയായവർ ആരോപിക്കുന്നു.