ധീരജിന്റെ കൊലപാതകം: ഇന്ന് എസ്എഫ്ഐയുടെ  സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് സമരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 06:49 AM  |  

Last Updated: 11th January 2022 07:23 AM  |   A+A-   |  

sfi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് നടത്തും.  ധീരജിനെ അരുംകൊല ചെയ്ത കെ എസ് യു- യൂത്ത് കോൺഗ്രസ്‌ ക്രൂരതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത്‌ പഠിപ്പ്മുടക്ക് സമരത്തിനാണ് ആഹ്വാനം നൽകിയിട്ടുള്ളത്. 

കൊലപാതകം ആസൂത്രിതമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ആരോപിച്ചു. ക്യാമ്പസിനു പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിന്‍ദേവ് പറഞ്ഞു. ഇന്നലെയാണ് പൈനാവ് എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് കുത്തേറ്റ് മരിക്കുന്നത്. 

ഇടുക്കി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.