എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുമതി; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 10:54 AM  |  

Last Updated: 17th January 2022 10:58 AM  |   A+A-   |  

actress assult case

ദിലീപ്‌, ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി. വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അനില്‍കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്തുദിവസത്തിനകം നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ രണ്ടു ഹര്‍ജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് 12 സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ആദ്യ ഹര്‍ജി. ഇതില്‍ എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതില്‍ അഞ്ചും പുതിയ സാക്ഷികളാണ്.  കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്നതായിരുന്നു മറ്റൊരു ഹര്‍ജി. ദിലീപിന്റെ അടക്കം ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താനും ഹൈക്കോടതി അനുവദിച്ചു. 

പ്രോസിക്യൂഷന്‍ വീഴ്ച്ചകള്‍ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും മതിയായ കാരണം വേണമെന്നും കഴിഞ്ഞദിവസത്തെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതില്‍ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു.

കേസിന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്നും കോടതി ആരാഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.