ഷാനിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലം; പിന്നിൽ അടിയേറ്റ പാടുകൾ; അഞ്ച് പേർ കൂടി അറസ്റ്റിൽ

ഷാനിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലം; പിന്നിൽ അടിയേറ്റ പാടുകൾ; അഞ്ച് പേർ കൂടി അറസ്റ്റിൽ
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, ജോമോന്‍
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, ജോമോന്‍

കോട്ടയം: ഗുണ്ടാ നേതാവ് തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ നിരവധി പാടുകൾ കണ്ടെത്തി.

അതിനിടെ സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിലായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ഷാനിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. ന​ഗരത്തിലെ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന അഞ്ച് പേരും. ഷാനിനെ കൊല്ലാൻ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകാനായി ഉപയോ​ഗിച്ച ഓട്ടോ പൊലീസ് കണ്ടെത്തി. 

ഇന്ന് പുലർച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാൻ ​ഗുണ്ടാ സംഘത്തിൽപ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു. അതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ​

​ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമം. കത്തിക്കുത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.  എന്നാൽ ഷാന്റെ പേരിൽ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com