ആ 'വിഐപി' ദിലീപിന്റെ സുഹൃത്ത് ശരത്?; ശബ്ദസാംപിൾ പരിശോധിച്ച് ക്രൈംബ്രാഞ്ച്; അന്വേഷണം നിർണായക വഴിത്തിരിവിൽ 

ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളിൽ ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചിരുന്നു
ദിലീപ് /പിടിഐ
ദിലീപ് /പിടിഐ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ വിഐപി നടൻ ദിലീപിന്റെ അടുത്ത സുഹൃത്ത് തന്നെയെന്ന് സൂചന. ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടൽ ആന്റ് ട്രാവൽസ് ഉടമയുമായ ശരത് ജി നായർ ആണ് കേസിലെ വിഐപി ആയ അജ്ഞാതൻ എന്നു സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 

ഇയാളുടെ ശബ്ദ സാംപിൾ പരിശോധിച്ചാണ് അന്വേഷണ സംഘം ഇക്കാര്യം ഉറപ്പിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന സംവിധായകൻ ബാലചന്ദ്രകുമാർ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തി സ്ഥിരീകരിച്ചത്. 

'വിഐപി' താനല്ലെന്ന് മെഹബൂബ്

നേരത്തെ അന്വേഷണസംഘം ചില ചിത്രങ്ങൾ കാണിച്ചതിൽ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളിൽ ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താനല്ല പൊലീസ് അന്വേഷിക്കുന്ന വിഐപിയെന്ന് വ്യക്തമാക്കി മെഹബൂബ് രം​ഗത്തുവന്നു. തുടർന്ന് മെഹബൂബിന്റെ ശബ്ദവുമായി ഒത്തു നോക്കി വിഐപി മെഹബൂബ് അല്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയായിരുന്നു.

‘ശരത് അങ്കിൾ’ വന്നു എന്ന് കുട്ടി വിളിച്ചുപറഞ്ഞു

ശരത്തുമായി ഫോണിൽ സംസാരിച്ച് ശബ്ദ സാംപിൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ ഫോൺ ഓഫാക്കി മുങ്ങി. മറ്റു വഴികളിൽ ശബ്ദസാംപിൾ ശേഖരിച്ചാണ് പൊലീസ് ശബ്ദപരിശോധന നടത്തിയത്.  ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയ വിഐപി നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ, ദിലീപിന് കൈമാറിയെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.  ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ബന്ധുവിന്റെ കുട്ടി ‘ശരത് അങ്കിൾ’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്നായിരുന്നു പരാമർശം. 

ദൃശ്യങ്ങള്‍ ഒളിപ്പിച്ച ആളിലേക്കും അന്വേഷണം

കേസിലെ പ്രധാനദൃശ്യങ്ങള്‍ പൊലീസിന് നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസ്സല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് ഉപേക്ഷിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ച് തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുക്കാന്‍ ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com