ദിലീപിനെതിരെ പുതിയ കണ്ടെത്തലുകൾ എന്തെല്ലാം?; നിർണായക റിപ്പോർട്ട് ഇന്ന് കോടതിയിൽ

അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്‍റെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്‌/ ഫയൽ
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്‌/ ഫയൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. വിചാരണ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ്  കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.

അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്‍റെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേസിൽ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്റെ ആ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. 

ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന്  ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന‍്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപും ഹർജി നല്‍കിയിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും. 

സുനിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം

തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ  ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ സംഘം  വിചാരണകോടതിയിൽ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യം  ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും. 

സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്നെടുത്തേക്കും

കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ പറഞ്ഞിരുന്നു.

ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സുനി പറഞ്ഞതായി അമ്മ ശോഭന ആരോപിച്ചിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. 

പ്രോസിക്യൂഷനു വേണ്ടി സുനിൽകുമാർ ഹാജരാകും

നടിയെ പീഡിപ്പിച്ച കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരാകും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഡി അനിൽകുമാർ രാജിവെച്ചതിനാൽ പകരം സംവിധാനം ഉണ്ടാകുന്നതുവരെ കേസ് നടത്താനാണ് സുനിൽകുമാറിന് ചുമതല നൽകിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com