നിയമത്തെ മറികടക്കാൻ ദിലീപ് സകല ശ്രമങ്ങളും നടത്തുന്നു, കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ: ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും 

ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യ ഹർജി‌ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ മുൻകൂർജാമ്യ ഹർജി നൽകിയിട്ടുണ്ട്. അതേസമയം ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം

ലൈംഗികാതിക്രമത്തിനായി ക്വട്ടേഷൻ കൊടുക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്ന ശേഷം നടക്കുന്ന ആദ്യ സംഭവമായിരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമങ്ങളും സാധാരണമല്ല. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ എന്നും നിയമത്തെ മറികടക്കുന്നതിനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 

ഇരുപതു സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നിൽ ദിലീപ് ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അന്വേഷണം മുന്നോട്ടുകൊണ്ടുപാവുന്നതിന് ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് മുൻകൂർ ജാമ്യം നൽകരുത്. കേസിലെ മറ്റു പ്രതികൾക്കും മുൻകൂർ ജാമ്യം നൽകുന്നതിനെയും പ്രോസിക്യൂഷൻ എതിർത്തു. 

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ സംഘം വിചാരണകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com