പെട്ടുപോയി, കുറ്റബോധമുണ്ടെന്ന് അവന്‍ പറഞ്ഞു; അറിയാവുന്നതെല്ലാം കോടതിയില്‍ പറയുമെന്ന് പള്‍സര്‍ സുനിയുടെ അമ്മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2022 01:26 PM |
Last Updated: 24th January 2022 01:26 PM | A+A A- |

ശോഭന, പൾസർ സുനി/ ടെലിവിഷൻ ചിത്രം
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പെട്ടുപോയതാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതായി സുനിയുടെ അമ്മ ശോഭന. നടന്‍ പറഞ്ഞിട്ടാണ് സുനി ഇതെല്ലാം ചെയ്തത്. ഇനിയും കൂടുതല്‍ ആളുകള്‍ കാര്യങ്ങളെല്ലാം തുറന്ന് പറയട്ടെയെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന് ശോഭന ചാനലിനോട് വ്യക്തമാക്കി.
ചെയ്തുപോയ പ്രവൃത്തിയില്‍ സുനിക്ക് കുറ്റബോധമുണ്ട്. പെട്ടുപോയി എന്നാണ് മകന്‍ പറഞ്ഞതെന്നും പള്‍സര്‍ സുനിയെ ജയിലില്‍ കണ്ടശേഷം അമ്മ ശോഭന പറഞ്ഞു. പറയണ്ട സമയം വരുമ്പോള്‍ എല്ലാം തുറന്നുപറയുമെന്ന് സുനി പറഞ്ഞു. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും പറഞ്ഞു.
കോടതിയില്‍ ഇന്ന് രഹസ്യമൊഴി നല്‍കുമെന്ന് ശോഭന വ്യക്തമാക്കി. അറിയാവുന്ന എല്ലാക്കാര്യവും കോടതിയില്‍ തുറന്നുപറയുമെന്നും സുനിയുടെ അമ്മ പറഞ്ഞു. ഇപ്പോള്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ടാണ് ആരും പുറത്തു വരാത്തതെന്ന് സുനി പറഞ്ഞു.
ഒരു സാഹചര്യം വരുമ്പോള്‍ നടന്ന സംഭവങ്ങള്‍ പള്‍സര്‍ സുനി മാധ്യമങ്ങളോട് തുറന്നു പറയും. അപ്പോള്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല. ജീവനോടെ ഉണ്ടെങ്കില്‍ എല്ലാം പറയും. ദിലീപാണോ മുഖ്യസൂത്രധാരന്‍ എന്ന ചോദ്യത്തിന്, അങ്ങനെയല്ലെങ്കില്‍ ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് ശോഭന ചോദിച്ചു.
ഇത് വലിയൊരാളാണ്. വലിയ കൊമ്പനാനയും കുറേ അണ്ണാന്‍കുഞ്ഞുങ്ങളും. കൊമ്പനാനയെ അണ്ണാന്‍കുഞ്ഞുങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന് ശോഭന ചോദിച്ചു. സംരക്ഷിക്കാത്തതിന്റെ ദുഃഖം പള്‍സര്‍ സുനിക്ക് ഉണ്ടോയെന്ന ചോദ്യത്തിന്, പെട്ടുപോയതിന്റെ ദുഃഖം മാത്രമാണ് സുനിക്ക് ഉള്ളതെന്ന് ശോഭന മറുപടി നല്‍കി. പേടിച്ചിട്ടാണ് ആരും പുറത്തു വരാത്തതെന്നും പള്‍സര്‍ സുനിയുടെ അമ്മ വ്യക്തമാക്കി.