പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട: ആരോഗ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2022 05:56 PM  |  

Last Updated: 25th January 2022 05:56 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. മറ്റുള്ളവരുമായി യാതൊരുവിധത്തിലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. മുറിയില്‍ ബാത്ത്‌റൂം വേണം എന്നതടക്കം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.  മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മന്ത്രി വ്യക്തമാക്കിയത്.

ഇന്ന് അര ലക്ഷത്തിന് മുകളില്‍പ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തില്‍ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകള്‍ക്ക് ഉണ്ടാകേണ്ടതില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്- മന്ത്രി വ്യക്തമാക്കി.

20 മുതല്‍ 30 വരെ പ്രായമുള്ളവരിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. വരും ദിവസങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും നാളെ മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമാന്തരമായി ആശുപത്രികളില്‍ കൂടുതല്‍ ആളുകളെ ജോലിക്കായി വിന്ന്യസിക്കും. ഇത്തരത്തില്‍ വിവിധ ജില്ലകളിലാണ് 4917 പേരെയാണ് ഈ രീതിയില്‍ നിയോഗിച്ചിരിക്കുന്നത്. ഇതിനായുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

വാക്സിന്‍ എല്ലാവരും നിര്‍ബന്ധമായി എടുക്കണം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും.

തിരുവനന്തപുരത്ത് രോഗ വ്യാപനം അതി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ന് പ്രത്യേക അവലോകന യോഗം ചേര്‍ന്നതായി മന്ത്രി പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിടാനും ബാര്‍, ഷോപ്പിങ് മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ ഇത്തരത്തില്‍ തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.