മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥ; ലോകായുക്ത ഓര്‍ഡിനന്‍സ് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍; ന്യായീകരിച്ച് സര്‍ക്കാര്‍

 മുഖ്യമന്ത്രിക്കെതിരായ പരാതിക്ക് നിയമഭേദഗതിയുമായി ബന്ധമില്ലെന്നും പി രാജീവ് പറഞ്ഞു
മന്ത്രി പി രാജീവ് / ഫയൽ
മന്ത്രി പി രാജീവ് / ഫയൽ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് നിയമമന്ത്രി പി രാജീവ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. മറ്റു സംസ്ഥാനങ്ങളിലെ നിയമം കൂടി പരിശോധിച്ചശേഷമാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ് കേരളത്തിനകത്തുള്ളത്. അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശം കൂടി പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ കണ്ടിരുന്നത്. 

അപ്പീല്‍ പോകുന്നതിനുള്ള അവസരം പോലുമില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും രാജീവ് പറഞ്ഞു. വിശദമായി ചര്‍ച്ച ചെയ്താണ് പുതിയ നിയമം കൊണ്ടു വരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതലേ ചര്‍ച്ചകള്‍ നടന്നിരുന്നു.  മുഖ്യമന്ത്രിക്കെതിരായ പരാതിക്ക് നിയമഭേദഗതിയുമായി ബന്ധമില്ലെന്നും പി രാജീവ് പറഞ്ഞു. 

കാബിനറ്റ് അധികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കണം നിയമങ്ങള്‍. ലോകായുക്തക്ക് നിര്‍ദേശം നല്‍കാനേ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികള്‍ ഉണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു. 
 

ബിന്ദുവിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനെന്ന്  പ്രതിപക്ഷം

ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.  മന്ത്രി ബിന്ദുവിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്ര തിടുക്കപ്പെട്ട് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്തയുടെ പരിഗണനയിലാണ്. 

ആ കേസ് അന്തിമഘട്ടത്തിലേക്കെത്തുമ്പോള്‍ ബിന്ദു രാജിവെച്ചുപോകേണ്ട സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാമത്തെ കേസ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയുടെ വിനിയോഗത്തെ സംബന്ധിച്ച പരാതിയാണ്. ഈ രണ്ടുകേസിലും എതിരായ വിധിയുണ്ടാകുമെന്ന ഭയപ്പാടാണ്, ലോകായുക്തയുടെ പല്ല് പറിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ചെന്നിത്തല പറഞ്ഞു. 

സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ നീക്കം ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കാനാണ്. നിയമസഭാ സമ്മേളനം ഫെബ്രുവരിയില്‍ ചേരാനിരിക്കെ, ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നത് ദുരൂഹമാണ്. ലോകായുക്തയുടേതായാലും കെ റെയിലിന്റേതായാലും കാര്യത്തില്‍ സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടികളെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com