ലോകായുക്തയെ 'പൂട്ടാൻ' സർക്കാർ; വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാം; ഭേദ​ഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അം​ഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2022 09:52 AM  |  

Last Updated: 25th January 2022 09:52 AM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ലോകായുക്ത ഭേദ​ഗതി ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു.

അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ള ആളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ഭേദഗതി അം​ഗീകരിക്കപ്പെടുന്നതോടെ, മന്ത്രിമാർക്കെതിരായ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.

ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമർശനമുണ്ട്. പുതിയ നിയമഭേദ​ഗതി ലോകായുക്തയെ ദുർബലമാക്കുന്നു എന്നും ആക്ഷേപമുയർന്നിട്ടുണ്ട്. 

പൊതുരംഗത്തുള്ളവരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമാണ് 1998-ൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനങ്ങളിൽ ലോകായുക്ത സ്ഥാപിച്ചത്. ലോകായുക്തക്കുള്ള അധികാരത്തിൽ ഏറ്റവും പ്രബലപ്പെട്ടതായിരുന്നു പൊതുപ്രവർത്തകർക്കെതിരായ അഴിമതിയുടെ അന്വേഷണവും കുറ്റംതെളിഞ്ഞാൽ അവർ സ്ഥാനത്തുനിന്ന് മാറണമെന്ന് ഉത്തരവിടാനും കഴിയുമെന്നത്. പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്തയ്ക്ക് നഷ്ടമാകും.