പ്രതികള്‍ ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ദുരൂഹത; രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയെന്ന് ക്രൈംബ്രാഞ്ച്

ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അഭിഭാഷകന് കൈമാറിയെന്ന് ദിലീപ് പറഞ്ഞു
ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ പഴയ ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

അതേസമയം ഫോണുകള്‍ ഇന്ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാക്കില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അഭിഭാഷകന് കൈമാറിയിരിക്കുകയാണ്. ക്രൈംബ്രാഞ്ചിനെ ഇക്കാര്യം രേഖാമൂലം അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലാണ് ശാസ്ത്രീയ പരിശോധന നടത്തുന്നതെന്നും ദിലീപ് പറയുന്നു. 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ല. അന്ന് വീട്ടില്‍ വെച്ചു നടന്ന സംസാരം വൈകാരികമായ സംസാരം മാത്രമാണ്. അതിന് പിന്നില്‍ ഗൂഢലക്ഷ്യം ഒന്നുമില്ലെന്നും ദിലീപ് പറഞ്ഞു. 

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് പ്രതികൾക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

പ്രതികൾ നൽകിയത് പുതിയ ഫോണുകൾ

തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് പ്രതികള്‍ സമര്‍പ്പിച്ചത് പുതിയ ഫോണുകളാണ്. പുതിയ ഫോണുകള്‍ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ചശേഷമേ അന്വേഷണപുരോഗതി വ്യക്തമാക്കാന്‍ സാധിക്കൂവെന്നും എസ് പി മോഹനചന്ദ്രൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com