പരിശോധനകളില്‍ 94 ശതമാനവും ഒമൈക്രോണ്‍, വരുംദിവസങ്ങളില്‍ കേസുകള്‍ കൂടാം; മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു, ടെലിവിഷന്‍ ചിത്രം
ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാംതരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് പടരുന്നത്. സാമ്പിള്‍ പരിശോധനകളില്‍ 94 ശതമാനവും ഒമൈക്രോണ്‍ കേസുകളാണെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ആറുശതമാനം മാത്രമാണ് ഡെല്‍റ്റ കേസുകള്‍. വിദേശത്ത് നിന്ന് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരില്‍ കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ കേസുകളാണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സംസ്ഥാനതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഐസിയു ഉപയോഗത്തില്‍ രണ്ടുശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ 40.5 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളൂ. ഇത് കോവിഡും മറ്റു അസുഖങ്ങളും ബാധിച്ച് ഐസിയുവില്‍ കഴിയുന്നവരുടെ കണക്കാണ്. വെന്റിലേറ്റര്‍ ഉപയോഗം 13.5 ശതമാനം മാത്രമാണെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം എട്ടുശതമാനത്തിന് മുകളില്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. ബാക്കിയുള്ളവര്‍ വീടുകളില്‍ ഗൃഹചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു. വരുംദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണമെന്നും അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com