ഓര്‍ഡിനന്‍സ് ഇറക്കാന്‍ തിടുക്കമെന്തിന്?; സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടായാല്‍ ജനങ്ങളെ അണിനിരത്തി നേരിടണം: കോടിയേരിക്ക് കാനത്തിന്റെ മറുപടി

നിയമസഭ സമ്മേളിക്കാനിരിക്കെ ഓര്‍ഡിനന്‍സ് എന്തിനാണ്?. അതിന് ആരും ഉത്തരം പറയുന്നില്ലെന്ന് കാനം
കാനം രാജേന്ദ്രന്‍/ ഫയല്‍ ചിത്രം
കാനം രാജേന്ദ്രന്‍/ ഫയല്‍ ചിത്രം


തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ കോടിയേരി ബാലകൃഷ്ണനെ തള്ളി സിപിഐ. നിയമസഭയില്‍ ചര്‍ച്ചയില്ലാതെ എന്തിന് ഓര്‍ഡിനന്‍സ് എന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ തിടുക്കമെന്തിനാണ്. നിയമസഭ സമ്മേളിക്കാനിരിക്കെ ഓര്‍ഡിനന്‍സ് എന്തിനാണ്?. അതിന് ആരും ഉത്തരം പറയുന്നില്ലെന്ന് കാനം പറഞ്ഞു. 

സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ അധികാരം ഇല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷെ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ആ പറയുന്ന വകുപ്പില്‍ അതിനെ ന്യായീകരിക്കുന്നതിന് അതിനുള്ള അടിയന്തരസാഹചര്യം വിശദമാക്കേണ്ടതുണ്ട്. 

നിയമസഭ കൂടാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കേ, ഓര്‍ഡിനന്‍സായി ഇറക്കാനുള്ള 'അര്‍ജന്‍സി' എന്താണ് എന്നാണ് താന്‍ ചോദിച്ചത്. ആ ചോദ്യത്തിന് ഇതുവരെ ആരും മറുപടി നല്‍കിയിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയം നോക്കിയാല്‍ ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്. അതിപ്പോ കേരളത്തിലുമുണ്ടാകാം. അത്രയേയുള്ളൂ. 

അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള നിയമങ്ങളെ ഭേദഗതി ചെയ്യുകയല്ല, ജനങ്ങളെ അണിനിരത്തി അതിനെ ചെറുക്കാനാണ് ശ്രമിക്കേണ്ടത്. അതിന് നിയമം മാറ്റുകയല്ല വേണ്ടതെന്നും കാനം പറഞ്ഞു. മന്ത്രിസഭ എടുത്ത തീരുമാനത്തില്‍, ഓര്‍ഡിനന്‍സിന് പകരം ബില്‍ ആയി നിയമസഭയില്‍ അവതരിപ്പിക്കണമെന്ന കാര്യം സിപിഐ മന്ത്രിമാര്‍ ഉന്നയിക്കാത്തതെന്തെന്ന ചോദ്യത്തിന്, അതൊക്കെ മന്ത്രിമാരോട് ചോദിക്കെന്നായിരുന്നു പ്രതികരണം. 

ചതിക്കുഴിയുണ്ടെന്ന് കോടിയേരി

സദുദ്ദേശ്യത്തോടെ നായനാര്‍ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ലോകായുക്ത നിയമത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. 

നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ അതിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. 
പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും.  

ആ ജനാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍നിന്ന്‌ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണ്. കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com