'സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴി ലോകായുക്തയിലുണ്ട്; നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്': കോടിയേരി

അധികാരം സ്വാര്‍ഥലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവരല്ല ഇടതു ഭരണാധികാരികള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിനും കാനം രാജേന്ദ്രനും മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ അതിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. കോടിയേരി ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും.  ആ ജനാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും. ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ലഭ്യമായിട്ടുള്ളത്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവര്‍ണര്‍ വിനിയോഗിക്കുക.

അധികാരം ദുരുപയോഗിക്കുന്നവരല്ല ഇടതു ഭരണാധികാരികള്‍

സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്ന ആക്ഷേപം പരാതി കേള്‍ക്കാനുള്ള ലോകായുക്തയുടെ അധികാരം നിയമഭേദഗതി എടുത്തുകളയുന്നു എന്നതാണ്. ഇത് വസ്തുതാവിരുദ്ധമാണ്. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അധികാരം സ്വാര്‍ഥലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവരല്ല ഇടതു ഭരണാധികാരികള്‍. ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതിവിരുദ്ധതയാണ്. ഏതെങ്കിലും ആക്ഷേപത്തില്‍ പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്ന സംഭവങ്ങളില്‍ ഇടപെടാനും നടപടി എടുക്കാനും ധീരത കാട്ടുന്നതാണ് പിണറായി സര്‍ക്കാര്‍. അതെല്ലാം ചെയ്യുന്നത് അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെയോ കോടതികളുടെയോ നിര്‍ദേശങ്ങളോ ശുപാര്‍ശകളോ ഇല്ലാതെ തന്നെയാണ്. ഈ സമീപനം മേലിലും തുടരും.

"ഇമ്യൂണിറ്റി' ഒന്നും നല്‍കുന്നില്ല

ഇപ്പോഴത്തെ ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കോ ലോകായുക്തയുടെ അന്വേഷണത്തില്‍നിന്ന്‌ ഒഴിവാക്കപ്പെടുന്ന "ഇമ്യൂണിറ്റി' ഒന്നും നല്‍കുന്നില്ല.അഴിമതി തീണ്ടാത്ത സംശുദ്ധഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അഴിമതിയുടെ വ്യത്യസ്തധ്രുവങ്ങളിലെ രാഷ്ട്രീയശക്തികള്‍ യോജിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്. 

മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണറാണ്. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണിയോ കക്ഷിയോ നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവര്‍ണറാണ്. ഭരണഘടനാ പ്രകാരമുള്ള ഈ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്തയില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍നിന്ന്‌ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണ്.

നായനാർ സർക്കാർ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ നായനാര്‍ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നത്. ഭരണമെന്നാല്‍ അഴിമതിയുടെ ചക്കരക്കുടമെന്ന് കരുതുന്ന കോണ്‍ഗ്രസും ബിജെപിയും യുഡിഎഫും ലോകായുക്താ വിഷയത്തില്‍ അഴിമതിവിരുദ്ധ "വാചകമടി മത്സരം' നടത്തുകയാണ്. ലേഖനത്തിൽ കോടിയേരി പരിഹസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com