ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട, രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം; ഐസിയുവില്‍ രോഗികള്‍ കുറയുന്നതായി ആരോഗ്യമന്ത്രി 

കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒട്ടുമിക്ക ആളുകളും വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നതാണ് ഒന്നും രണ്ടും തരംഗങ്ങളില്‍ സ്വീകരിച്ച പ്രതിരോധ തന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായത് കൈക്കൊള്ളാന്‍ കാരണമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവാണ്. ചികിത്സയിലുള്ളവരില്‍ 3.6 ശതമാനം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഐസിയുവില്‍ കഴിയുന്ന രോഗികളുടെ എണ്ണവും കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വീട്ടിലുള്ള എല്ലാവരും ക്വാറന്റൈനില്‍  കഴിയേണ്ടതില്ല. കോവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും ആശുപത്രിയില്‍ പോകരുത്. ടെലിമെഡിസിന്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് നിയോഗിക്കും. രണ്ടുമാസമാണ് കാലാവധി. ഇതിന് താത്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. രണ്ടുമാസം കഴിഞ്ഞാല്‍ ആരോഗ്യവകുപ്പ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടെലിമെഡിസിന്‍ വിഭാഗത്തില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം തേടുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com