ദിലീപിന്റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും, മഞ്ജു വാര്യരോടും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയതായി സൂചന

സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയർ മറുപടി നൽകിയെന്നാണ് വിവരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിന്‍റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ അഭിഭാഷകർ ഫോൺ കോടതിയിൽ ഹാജരാക്കും.

അതിനിടയിൽ, ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരിൽ നിന്നും അന്വേഷണ സംഘം ഫോണിലുടെ വിവരങ്ങൾ തേടിയെന്നും സൂചനയുണ്ട്. മുൻ ഭാര്യയും അഭിഭാഷകരുമായുളള ഫോൺ സംഭാഷണങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാനാകില്ലെന്നാണ് ദിലീപ് കഴിഞ്ഞ ദിവസം കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ അത്തരത്തിൽ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയർ മറുപടി നൽകിയെന്നാണ് വിവരം.
 

മുംബൈയിലുള്ള രണ്ട് ഫോണുകള്‍ ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തിക്കും

നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്. ഈ ഫോണുകള്‍ മുംബൈയിലേക്ക് അയച്ചിരുന്നില്ല. മുംബൈയിലുള്ള രണ്ട് ഫോണുകള്‍ ഇന്ന് വൈകിട്ടോടെയാവും കേരളത്തിലെത്തിക്കുക. തിങ്കളാഴ്ച രാവിലെ 10.15നു മുന്‍പായി ഫോണുകള്‍ കോടതിയിലെത്തിക്കണം. 

എവിടെയാണ് ഫോണുകള്‍ പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും. പരിശോധനാ റിപ്പോര്‍ട്ട് മാത്രമാകും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക. ഫോണ്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളുകയായിരുന്നു. 

തിങ്കളാഴ്ച രാവിലെ 10.15ന് ഫോണ്‍ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. ഏഴു ഫോണുകള്‍ കൈമാറണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഒരു ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദീലീപ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ആറു ഫോണുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com