ഹയർസെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നാളെ മുതൽ; 3,20,067 വിദ്യാർഥികൾ, ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

തിരുവനന്തപുരം: ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ് പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുമെന്നും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും. മൊത്തം 3,20,067 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് ഹാജരാകുന്നത്

രാവിലെ 9 30നും ഉച്ചക്ക് രണ്ടിനുമാണ് പരീക്ഷ. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്. 2,08411വിദ്യാർത്ഥികളാണ് ഇം​ഗ്ലീഷ് പരീക്ഷ എഴുതുന്നത്. കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമുണ്ടാകും. ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. 

സർക്കാർ എന്നും വിദ്യാർഥി പക്ഷത്താണെന്നും കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കോവിഡ്‌ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകളും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകളും നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com