ലൈഫ് മിഷന്‍: രണ്ടാം ഘട്ട അപ്പീല്‍ ഇന്നു കൂടി നല്‍കാം; പുതുക്കിയ പട്ടിക ജൂലൈ 22ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 01:02 PM  |  

Last Updated: 08th July 2022 01:06 PM  |   A+A-   |  

life mission project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ രണ്ടാം ഘട്ട അപ്പീല്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആദ്യഘട്ടത്തില്‍ നല്‍കിയ അപ്പീല്‍ തള്ളിയവര്‍ക്കാണ് രണ്ടാം ഘട്ടം അപ്പീല്‍/ആക്ഷേപം  നല്‍കാന്‍ കഴിയുക. അപ്പീല്‍ നല്‍കാനുള്ള അവസാന അവസരം എന്ന നിലയില്‍ ഈ സാധ്യത എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു.

രണ്ടാം ഘട്ടം അപ്പീലുകള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലൈ 20 നകം അപ്പീലുകള്‍ തീര്‍പ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. പട്ടികയ്ക്ക് വാര്‍ഡ്/ഗ്രാമ സഭയും തുടര്‍ന്ന് പഞ്ചായത്ത്/നഗരസഭാ ഭരണസമിതിയും അംഗീകാരം നല്‍കും. അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ഒഴിവാക്കാന്‍ വാര്‍ഡ്/ഗ്രാമ സഭയ്ക്ക് അധികാരമുണ്ട്. 

ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പണത്തില്‍ ഇതിനകം 5915 അപ്പീലുകളും അനര്‍ഹര്‍ കടന്നുകൂടിയെന്നുള്ള ആറ് ആക്ഷേപങ്ങളുമാണ് ലഭിച്ചത്. ഭൂമിയില്ലാത്ത ഭവനരഹിതരുടെ 778 അപ്പീലുകളും ഭൂമിയുള്ള ഭവനരഹിതരുടെ 5137 അപ്പീലുകളുമാണ് രണ്ടാം ഘട്ടത്തില്‍ ലഭിച്ചത്. 

നിലവില്‍ കരട് ഗുണഭോക്തൃ പട്ടികയില്‍ 5,60,758 പേരാണുള്ളത്. ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി 46377 പേരെ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഓഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധികരിക്കുന്നത്. അര്‍ഹരായ ഒരാള്‍ പോലും പട്ടികയില്‍ നിന്ന് ഒഴിവായിട്ടില്ലെന്നും അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കാന്‍ രണ്ടാം ഘട്ട അപ്പീല്‍ അവസരവും കൃത്യമായി ഉപയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഓവർടേക്ക് ചെയ്താലും ഹോൺ മുഴക്കിയാലും പിടിവീഴും!; കൊച്ചി ന​ഗരത്തിൽ നിരോധന ഉത്തരവുമായി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ