ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം; മാസ്റ്റർ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി വീണാ ജോർജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 07:53 AM  |  

Last Updated: 09th July 2022 07:53 AM  |   A+A-   |  

veena_george

മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍

 

തിരുവനന്തപുരം: ആശുപത്രികളിൽ നടന്നുവരുന്ന മാസ്റ്റർ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഒപി, അത്യാഹിത വിഭാഗം, വാർഡുകൾ, ഐസിയു എന്നിവിടങ്ങളെല്ലാം രോഗീ സൗഹൃദമാകണം. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഭൗതിക സാഹചര്യം മികവുറ്റതാക്കണം. മാസ്റ്റർ പ്ലാൻ പൂർത്തീകരണത്തിന് ഒരു നോഡൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. 

 ജില്ല, ജനറൽ ആശുപത്രി സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ആശുപത്രികളിൽ നടന്നുവരുന്ന ഇ ഹെൽത്ത് പദ്ധതി വേഗത്തിലാക്കണം. ഇതിലൂടെ ജനങ്ങൾക്ക് വലിയ സേവനം നൽകാനാകും. ക്യൂ നിൽക്കാതെ ഒപി ടിക്കറ്റെടുക്കാനും പേപ്പർ രഹിത സേവനങ്ങൾ നൽകാനും ഇതിലൂടെയാകും. എല്ലാ ആശുപത്രികളും ശുചിത്വം ഉറപ്പ് വരുത്തണം. ശുചിത്വത്തിനായി സൂപ്രണ്ടുമാർ പ്രത്യേക പ്രാധാന്യം നൽകണമെന്ന് മന്ത്രി നിർദേശിച്ചു.

ആശുപത്രികൾ മുൻവർഷത്തെ ഉപയോഗം വിലയിരുത്തി അതിനേക്കാൾ കൂടുതൽ മരുന്നുകൾക്കുള്ള ഇൻഡന്റ് നൽകണം. ഇതിലൂടെ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം. മരുന്നുകൾ തീരെ കുറയുന്നതിന് മുമ്പ് തന്നെ കെഎംഎസ് സിഎല്ലിനെ ഇക്കാര്യം അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ല, ജനറൽ ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ