നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും, നിർണായകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 08:41 AM  |  

Last Updated: 11th July 2022 08:41 AM  |   A+A-   |  

dileep

ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി; നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിച്ചത്. കോടതിയുടെ കസ്റ്റഡിയിലുള്ള കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കേസിൽ നിർണായക വഴിത്തിരിവാകും. 

മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. 2020 ജനുവരി 29ന് കേന്ദ്ര ഫോറൻസിക് ലാബ് നൽകിയ റിപ്പോർട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് പ്രോസിക്യൂഷന്റെ സം​ശയം ബലപ്പെടുത്തിയത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

2017 ഫെബ്രുവരി 18ന് അവസാനമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13നും അതിനുമുൻപും പലതവണ അനധികൃതമായി തുറന്നതായി കണ്ടെത്തിയെന്ന് ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടറാണ് വെളിപ്പെടുത്തിയത്. കാർഡിന്റെ ഹാഷ് വാല്യു മാറിയതായും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. 

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിക്കാൻ നാലു ദിവസം മാത്രമാണ് ഉള്ളത്. ഹൈക്കോടതി അനുവദിച്ച സമയം 15ന് അവസാനിക്കും. അതിനാൽ ഇന്നും നാളെയുമായി കൂടുതൽ പേരെ ചോദ്യം ചെയ്യും. പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്തിന്റേയും ദിലീപിന്റെ ആറ് ഫോണുകളിൽ നിന്ന് ലഭിച്ച ശബ്ദസാമ്പിളുകളുടേയും ഫോറൻസിക് റിപ്പോർട്ടും അടുത്ത ദിവസങ്ങളിൽ ലഭിക്കും. അതിനിടെ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വലിയ വിവാദമാവുകയാണ്. ദിലീപ് നിരപരാധിയാണെന്നും പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം പൊലീസ് വ്യാജമായി നിര്‍മ്മിച്ചതാണ് എന്നുമാണ് ശ്രീലേഖ ആരോപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ദിലീപ് നിരപരാധി; പള്‍സറിനൊപ്പമുള്ള ചിത്രം വ്യാജം;  ശിക്ഷിക്കാന്‍ തെളിവില്ലാത്തതുകൊണ്ട് പുതിയ കേസ് ഉണ്ടാക്കി'; പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ