പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ല, ക്ഷണിച്ചത് വീരേന്ദ്രകുമാര്‍; പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തത് വിഎസ് എന്ന് വി ഡി സതീശന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 11th July 2022 12:43 PM |
Last Updated: 11th July 2022 12:51 PM | A+A A- |

വി ഡി സതീശന്‍ മാധ്യമങ്ങളോട്
കൊച്ചി: താന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി ആര്‍എസ്എസിന്റേത് ആയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പരമേശ്വരന്റെ സ്റ്റേജ് ആയിരുന്നു. തന്നെ പരിപാടിക്ക് ക്ഷണിച്ചത് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ്. വി എസ് അച്യുതാനന്ദനും പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. തന്നെ കുറിച്ച് പറഞ്ഞ വാക്ക് സിപിഎമ്മിന്റെ പ്രമുഖ നേതാവായ അച്യുതാനന്ദന് കൂടി ബാധകമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ബിജെപി നേതാക്കള്‍ പങ്കുവെച്ച ഫോട്ടോ ഏറ്റവുമധികം പ്രചരിപ്പിച്ചത് സിപിഎം നേതാക്കള്‍ ആണ് എന്നതാണ്. സിപിഎമ്മിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലുടെയും മറ്റുമായിരുന്നു പ്രചാരണം. ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞത് എന്ന കാര്യം ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു ബിജെപി നേതാവും ഇത് നിഷേധിച്ചിട്ടില്ല.' - വി ഡി സതീശന്‍ പറഞ്ഞു.
ഒരു ആര്‍എസഎസുകാരന്റെയും വര്‍ഗീയവാദിയുടെയും വോട്ട് ചോദിച്ച് പോയിട്ടില്ല. അതുകൊണ്ട് ഒരു വര്‍ഗീയവാദിയും തന്നെ വിരട്ടാന്‍ നോക്കേണ്ട. തന്റെ വീട്ടിലേക്ക് ഏറ്റവുമധികം മാര്‍ച്ച് നടത്തിയത് ബിജെപിക്കാരാണ്. 2016ല്‍ തന്നെ തോല്‍പ്പിക്കാന്‍ ബിജെപിക്കാര്‍ ഹിന്ദു മഹാസംഗമം നടത്തി. തന്നെ രാഷ്ട്രീയ വനവാസത്തിന് അയക്കുമെന്ന് വെല്ലുവിളിച്ചായിരുന്നു പരിപാടി. ആര്‍എസ്എസിനും ബിജെപിക്കും എതിരായ ആക്രമണം എങ്ങനെയാണ് ഹിന്ദുവിന് നേരെയുള്ള ആക്രമണമായി മാറുന്നത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ഇവരെ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ