എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോക്ക് ജാമ്യമില്ല; ഹർജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 05:06 PM  |  

Last Updated: 12th July 2022 05:06 PM  |   A+A-   |  

arsho

ചിത്രം: ഫെയ്സ്ബുക്ക്

 

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജില്ലാ കോടതിയിൽ വീണ്ടും ജാമ്യ ഹർജി നൽകിയെങ്കിലും അത് തളളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ ഹൈക്കോടതിയും തളളിയത്. 

വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. പിന്നാലെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത എസ് എഫ് ഐ നേതാവ് ഇപ്പോൾ എറണാകുളം ജില്ലാ ജയലിൽ റിമാൻഡിലാണ്. 

ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്ഐ സമ്മേളത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.

കൊച്ചിയിൽ നിസാമുദ്ദീൻ എന്ന വിദ്യാർത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആർഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിലാണെന്നായിരുന്നു അന്ന് യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയിൽ പറയുന്നത്. 

പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് ആർഷോ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാലക്കാട് നിന്ന് തട്ടിക്കൊണ്ടു പോയ പോക്സോ കേസ് ഇരയെ കണ്ടെത്തി; മാതാപിതാക്കൾക്കൊപ്പം ​ഗുരുവായൂരിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ