പാലക്കാട് നിന്ന് തട്ടിക്കൊണ്ടു പോയ പോക്സോ കേസ് ഇരയെ കണ്ടെത്തി; മാതാപിതാക്കൾക്കൊപ്പം ​ഗുരുവായൂരിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 04:40 PM  |  

Last Updated: 12th July 2022 04:40 PM  |   A+A-   |  

pocso_case

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്: തട്ടിക്കൊണ്ടു പോയ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ കണ്ടെത്തി. പാലക്കാട് നിന്ന് തട്ടിക്കൊണ്ടു പോയ 11കാരിയായ കുട്ടിയെ ​ഗുരുവായൂരിൽ വച്ചാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ക്ഷേത്രത്തിന് സമീപത്തുള്ള ലോഡ്ജിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. 

കാണാതായതിന് പിന്നാലെ മാതാപിതാക്കൾക്കൊപ്പമായിരിക്കും കുട്ടിയെന്ന് ബന്ധുക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. പോക്സോ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കൾ സ്വീകരിച്ചത്. അച്ഛനും അമ്മയ്ക്കും പോകുന്നതിന് ഭയമുണ്ടെന്ന് കുട്ടിയും വ്യക്തമാക്കിയിരുന്നു. 

ഈ മാസം 16ന് കേസ് പരി​ഗണിക്കാനിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അതിനാൽ തന്നെ മൊഴി മാറ്റുന്നതടക്കമുള്ള കാര്യങ്ങളാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. 

അതിനിടെ അമ്മയ്‌ക്കെതിരെ കുട്ടിയുടെ മുത്തശി രംഗത്തെത്തിയിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അമ്മയ്ക്ക് അടക്കം പങ്കുള്ളതായും അമ്മ കുട്ടിയെ മര്‍ദ്ദിച്ചതായും മുത്തശി മാധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു. അതിനിടെ കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

കുട്ടിയുടെ മൊഴി മാറ്റുന്നതിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് മുത്തശി ആരോപിച്ചത്. നേരത്തെ വിചാരണയ്ക്ക് മുന്‍പ് മൊഴി മാറ്റുന്നതിന് കുട്ടിയെ സ്വാധീനിക്കാന്‍ ചെറിയച്ഛന്‍ ശ്രമിച്ചതായും മുത്തശി ആരോപിക്കുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. അമ്മയെയും പ്രതിയെയും കണ്ടയുടനെ കുട്ടി മുറിയില്‍ ഒളിച്ചു. കുട്ടിയെയും തന്നെയും മര്‍ദ്ദിച്ചതായും മുത്തശി ആരോപിക്കുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈയ്ക്ക് പരിക്കേറ്റതായും മുത്തശി പറയുന്നു.

കഴിഞ്ഞദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പ്രതികള്‍ കാറിലും ബൈക്കിലുമാണ് എത്തിയത്. കാറിന്റെ നമ്പര്‍ തുണി കൊണ്ട് മറച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി?. പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ